ഓഷ്യന്‍സാറ്റ്-2: സമുദ്രപഠനത്തിന് ഇന്ത്യന്‍ കുതിപ്പ്‌

കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങളുടെ രൂക്ഷത ഏറി വരുന്ന കാലത്ത് സമുദ്രങ്ങളിലും അന്തരീക്ഷത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. കാലവര്‍ഷത്തിന്റെ ലഭ്യത മുതല്‍ കാലങ്ങള്‍ക്ക് ശേഷമുള്ള അപകടങ്ങള്‍ തിരിച്ചറിയുന്നതിന് വരെ ഇത്തരം പഠനങ്ങള്‍ സഹായിക്കും. ആ നിലയ്ക്ക് ഇന്ത്യ ഇപ്പോള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഓഷ്യന്‍സാറ്റ്-2 പേടകത്തിന് വലിയ പ്രസക്തിയാണുള്ളത്. സമുദ്രപഠന മേഖലയിലും അന്തരീക്ഷപഠനത്തിലും കുതിച്ചുചാട്ടം തന്നെ ഈ ഉപഗ്രഹം സാധ്യമാക്കിയേക്കും. അതിനാവശ്യമായ അത്യന്താധുനിക ഉപകരണങ്ങളാണ് ഓഷ്യന്‍സാറ്റിലുള്ളത്. സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാന്‍ 1999-മെയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ഓഷ്യന്‍സാറ്റ്-1 വിക്ഷേപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഓഷ്യന്‍സാറ്റ്-2 ഇന്ന് (2009 സപ്തംബര്‍ 23) ഭ്രമണപഥത്തിലേത്തിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 നെ കാലാവധി കഴിയും മുമ്പ് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, ചന്ദ്രനില്‍ ജലസാന്നിധ്യം തിരിച്ചറിയുകയെന്ന സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാനിലെ 'മൂണ്‍ മിനറലോജി മാപ്പര്‍' എന്ന ഉപകരണം നടത്തിയ കാര്യം വെളിപ്പെട്ട സമയത്തു തന്നെയാണ് ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയമായതും എന്നത് ശ്രദ്ധേയമാണ്.
ഭൂമിയെന്ന ഗ്രഹത്തിന്റെ (പ്രത്യേകിച്ചും സമുദ്രം, അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട്) ഒട്ടേറെ പ്രത്യേകതകള്‍ ഓഷ്യന്‍സാറ്റ്-2 പഠനവിധേയമാക്കും. 952 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂപ്രതലത്തില്‍നിന്ന് 720 കിലോമീറ്റര്‍ അകലെ നിന്നാണ് ഭൗമനിരീക്ഷണം നടത്തുക. സമുദ്രത്തിന്റെ നിറം, കാലാവസ്ഥാമാറ്റങ്ങളില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക്, സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള ഇടപഴകല്‍, അന്തരീക്ഷത്തിലെ ജലബാഷ്പം തുടങ്ങിയവ ഓഷ്യന്‍സാറ്റിന്റെ പഠനലക്ഷ്യങ്ങളാണ്. ഒപ്പം തീരക്കടലില്‍ മത്സ്യലഭ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുക, മണ്‍സൂണിന്റെ വരവ് പ്രവചിക്കുന്നതിന് സഹായിക്കുക, തീരപ്രദേശങ്ങളിലെ സമുദ്രജലമലിനീകരണത്തിന്റെ തോത് മനസിലാക്കുക തുടങ്ങയവും ഓഷ്യന്‍സാറ്റ്-2 ന്റെ ലക്ഷ്യങ്ങളാണ്. അഞ്ചുവര്‍ഷമാണ് ദൗത്യ കാലാവധി.ഓഷ്യന്‍സാറ്റിന്റെ നിരീക്ഷണങ്ങള്‍ സാധ്യമാക്കുക അതിലുള്ള മൂന്ന് സുപ്രധാന ഉപകരണങ്ങളാണ്. ഓഷ്യന്‍ കളര്‍ മോണിറ്റര്‍ (ഒ.സി.എം) എന്ന റേഡിയോമീറ്ററാണ് ഒരുപകരണം. ഓഷ്യന്‍സാറ്റ്-1 ല്‍ ഉണ്ടായിരുന്നതിന്റെ പരിക്ഷക്കരിച്ച രൂപമാണിത്. വൈദ്യുതകാന്തിക വര്‍ണരാജിയിലെ ഏഴ് മേഖലകളുപയോഗിച്ച് ഈ ഉപകരണത്തിലൂടെ നിരീക്ഷണം സാധ്യമാകും. സ്‌കാനിങ് സ്‌കാറ്റെറോമീറ്റര്‍ (സ്‌കാറ്റ്) എന്ന ആക്ടീവ് മൈക്രോവേവ് ഉപകരണമാണ് മറ്റൊന്ന്. ഇറ്റാലിയന്‍ സ്‌പേസ് എജന്‍സി രൂപകല്‍പ്പന ചെയ്ത റേഡിയോ ഒക്കല്‍റ്റേഷന്‍ സൗണ്ടര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സ്റ്റഡീസ് (റോസ) ആണ് മൂന്നാമത്തെ ഉപകരണം. ഭൗമാന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനത്തിന്റെ സ്വഭാവം, അയണോസ്ഫിയര്‍ തുടങ്ങിയവയുടെ പഠനത്തിനു വേണ്ടിയാണ് റോസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഓഷ്ന്‍സാറ്റിന്റെ വിക്ഷേപണവും ഐ.എസ്.ആര്‍.ഒ.യെ സംബന്ധിച്ച് ഒരു പൊന്‍തൂവലാണ്. ഓഷ്യന്‍സാറ്റിനൊപ്പം മറ്റ് ആറ് നാനോഉപഗ്രഹങ്ങള്‍ക്കൂടിയാണ് പി.എസ്.എല്‍.വി-സി14 റോക്കറ്റില്‍ വിക്ഷേപിച്ചത്. ഓരോ കിലോഗ്രാം വീതം ഭാരമുള്ള ക്യൂബ്‌സാറ്റ്-1, 2, 3, 4 എന്നിവയും, എട്ടുകിലോഗ്രാം വീതം ഭാരമുള്ള റൂബിന്‍സാറ്റ് 9.1, റൂബിന്‍സാറ്റ് 9.2 എന്നിവയും. ആറ് നാനോഉപഗ്രഹങ്ങളും യൂറോപ്യന്‍ നിര്‍മിതങ്ങളാണ്. വിക്ഷേപണത്തിനുപയോഗിച്ച പി.എസ്.എല്‍.വി-സി14 നാലുഘട്ട റോക്കറ്റാണ്. ഒന്നും മൂന്നും ഘട്ടങ്ങളില്‍ ഖരഇന്ധനവും, രണ്ടും നാലും ഘട്ടങ്ങളില്‍ ദ്രാവകഇന്ധനവുമാണ് ഉപയോഗിച്ചത്. 44 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് ഭാരം 230 ടണ്‍. പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യവിക്ഷേപണമായിരുന്നു ഇത്. ഇരുവരെ 39 പേടകങ്ങളെ പി.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്; ഇന്ത്യയുടെ 17 ഉപഗ്രഹങ്ങളും 22 വിദേശ ഉപഗ്രഹങ്ങളും. (അവലംബം: ഐ.എസ്.ആര്‍.ഒ)

0 comments:

Post a Comment