ചന്ദ്രനില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ജലം: മാധവന്‍ നായര്‍

ബാംഗ്ലൂര്‍: പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ജലം ചന്ദ്രനിലുണ്ടെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ധാതുക്കളെക്കുറിച്ചുള്ള പഠനത്തിനിടെ ആകസ്മികമായാണ് ജലം കണ്ടെത്തിയത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാന്റെ ചരിത്രനേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തന്നെ ജലസാന്നിധ്യം സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ചന്ദ്രയാന്‍ 110 ശതമാനവും വിജയമായിരുന്നു. ചന്ദ്രയാനിലൂടെ വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മാധവന്‍ നായര്‍ പറഞ്ഞു. ചന്ദ്രനില്‍ ജലമുണ്ടാകാനുള്ള സാധ്യത മാര്‍ച്ചില്‍ തന്നെ നാസ ഐ.എസ്.ആര്‍.ഒയുമായി പങ്കുവെച്ചിരുന്നുവെന്നും മാധവന്‍ നായര്‍ വെളിപ്പെടുത്തി. ഏതായാലും ശാസ്ത്ര സത്യങ്ങള്‍ കണ്ടെത്തുന്നതില്‍ അന്തര്‍ദേശീയ സഹകരണത്തിന്റെ ഉത്തമമാതൃകയാണ് ചന്ദ്രനില്‍ ജലം കണ്ടെത്താനായത്. വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ചന്ദ്രയാന്‍-2 ന്റെ ലക്ഷ്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ പുന:ക്രമീകരിക്കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു.

0 comments:

Post a Comment