വര്‍ക്കല കൊലപാതകം: രണ്ടു പ്രതികളെ റിമാന്‍ഡ് ചെയ്തു

വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയയാളെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളില്‍ രണ്ടുപേരെ കോടതി 13-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വര്‍ക്കല സ്വദേശി കെ.ദാസ്, കൊല്ലം ചിതറ സ്വദേശി അശോകന്‍ എന്നിവരെയാണ് വര്‍ക്കല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്(ഡി.എച്ച്.ആര്‍.എം) എന്ന സംഘടനയുടെ നേതാക്കളാണിവര്‍. കൊലക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ആലപ്പുഴ വെണ്മണി സ്വദേശികളായ മൂന്നു പേരെ കൂടി ഞായറാഴ്ച പിടികൂടിയിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ നേതാവ് ശെല്‍വരാജിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ വടക്കന്‍ പറവൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചെ നടക്കാനിറങ്ങിയ അയിരൂര്‍ അശ്വതി ഭവനില്‍ ശിവപ്രസാദിനെ(60) ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കൊലയ്ക്ക് ശേഷം അയിരൂരിന് സമീപം മാവിളക്കുന്നില്‍ ഒരു ചായക്കടക്കാരനെയും അക്രമിസംഘം വെട്ടിവീഴ്ത്തിയിരുന്നു.കഴുത്തില്‍ വെട്ടേറ്റ ശിവപ്രസാദ് അടുത്തുള്ള ചായക്കടയിലെ തൊഴിലാളിയെ കൈകാട്ടി വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു. ചായക്കട ത്തൊഴിലാളി അറിയിച്ചതനുസരിച്ച് ബന്ധുക്കളും അയല്‍ക്കാരുമെത്തി ശിവപ്രസാദിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്കുവെച്ച് മരിച്ചു.സ്ഥിരമായി പ്രഭാതസവാരി നടത്താറുള്ള ശിവപ്രസാദ് അയിരൂര്‍ ആമ്പല്ലൂര്‍ ക്ഷേത്രത്തില്‍ തൊഴുത് അടുത്തുള്ള കടയില്‍ നിന്ന് ചായകുടിച്ച് നടക്കുകയായിരുന്നു പതിവ്. ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ ഡ്രൈവറായിരുന്ന ശിവപ്രസാദ് പത്തുവര്‍ഷമായി കുടുംബസമേതം അയിരൂരില്‍ കഴിയുകയായിരുന്നു.


0 comments:

Post a Comment