വീട്ടമ്മയുടെയും മകന്റെയും കൊല: ജ്യോല്‍സ്യന്‍ പിടിയില്‍

പട്ടാപ്പകല്‍ ചെന്നൈ നഗരത്തില്‍ മലയാളിവീട്ടമ്മയെയും മകനെയും കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ഒരു ജ്യോല്‍സ്യനെ അശോക്‌നഗര്‍ പോലിസ് പിടികൂടിയതായി സൂചന. വെസ്റ്റ് മാമ്പലം പോസ്റ്റല്‍കോളനി 49ാം തെരുവിലെ കല ഫ്ലറ്റില്‍ താമസിക്കുന്ന രാമസുബ്രഹ്മണ്യത്തിന്റെ ഭാര്യ വിജയ എന്ന ആനന്ദലക്ഷ്മി (39), മകനും എട്ടാംക്ലാസ് വിദ്യാര്‍ഥിയുമായ സൂരജ് (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് ടെമ്പിള്‍ ജ്വല്ലറി ഉടമ മണക്കാട് രണ്ടാം പുത്തന്‍തെരുവില്‍ വി.ആര്‍.സി. മണിയുടെയും പരേതയായ ഗോമതിയുടെയും മൂത്ത മകളാണ് വിജയ. ബാംഗ്ലൂരില്‍ ബയോകോണില്‍ സെയില്‍സ് മാനേജറായ രാമസുബ്രഹ്മണ്യം മധുര സ്വദേശിയാണ്.അനന്തലക്ഷ്മിയുടെ സെല്‍ഫോണില്‍നിന്ന് ഒരു പ്രത്യേക നമ്പറിലേക്ക് കഴിഞ്ഞ ആറു മാസം തുടര്‍ച്ചയായി രാത്രി വിളിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നമ്പറിന്റെ ഉടമയായ ജ്യോല്‍സ്യന്‍ പിടിയിലായത്. ഇയാള്‍ ഇടക്കിടെ അനന്തലക്ഷ്മിയുടെ വീട്ടില്‍ വന്നുപോയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. അനന്തലക്ഷ്മിയും ഭര്‍ത്താവ് രാമസുബ്രഹ്മണിയും ഒരുമിച്ച് കഴിയുന്നത് നല്ലതല്ലെന്ന ജ്യോതിഷോപദേശവും ഇയാള്‍ നല്‍കിയിരുന്നുവത്രേ. ഇതുമൂലമാണ് ബാംഗ്ലൂരിലെ സ്വകാര്യ മരുന്നു കമ്പനിയില്‍ സെയില്‍സ് മാനേജരായ രാമസുബ്രഹ്മണി വന്‍ ശമ്പളമുണ്ടായിട്ടും ഭാര്യയെയും മക്കളെയും ചെന്നൈയിലെ വാടകവീട്ടില്‍ നിര്‍ത്തി ബാംഗ്ലൂരില്‍ ഒറ്റക്ക് താമസിച്ചിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ അജ്ഞാതസംഘം വിജയയെയും മകനെയും കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് പോലീസ്. വ്യാഴാഴ്ച പകല്‍ വീട്ടില്‍ വിജയയും മകന്‍ സൂരജും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാമസുബ്രഹ്മണ്യം ബാംഗ്ലൂരിലായിരുന്നു. എസ്.ആര്‍.എം. എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ ശോഭന ക്ലാസില്‍ പോയിരുന്നു. ശോഭന വൈകിട്ട് എത്തിയപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട് പൂട്ടി അമ്മയും സഹോദരനും ഷോപ്പിങ്ങിനോ മറ്റോ പോയിരിക്കുമെന്നാണ് ശോഭന ആദ്യം കരുതിയത്. ഏറെസമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ സമീപത്തെ ഫ്ലറ്റുകളില്‍ പോയിട്ടുണ്ടോയെന്ന് മൊബൈല്‍ഫോണിലൂടെ അന്വേഷിച്ചു. എങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി പത്തരയോടെ അയല്‍വാസിയായ വിഘ്‌നേശ്വരനാണ് പോലീസില്‍ വിവരമറിയിക്കുന്നത്. പോലീസ് എത്തി വീടിന്റെ പൂട്ടുപൊളിച്ച് പരിശോധിച്ചപ്പോഴാണ് വിജയയെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൂരജിന്റെ മൃതദേഹം അടുക്കളയിലും വിജയയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.വിജയ ധരിച്ച സ്വര്‍ണാഭരണങ്ങള്‍, കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 40,000 രൂപ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിജയയുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിജയ ധരിച്ചിരുന്ന ആഭരണങ്ങള്‍ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് ബോധ്യമായതെന്ന് അശോക്‌നഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശങ്കരരാമലിംഗം പറഞ്ഞു. പോലീസ് പിടിയിലായ ജ്യോത്സനെ ചോദ്യം ചെയ്തുകഴിഞ്ഞുവെന്നും പ്രധാനപ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment