Showing posts with label Exclusives. Show all posts
Showing posts with label Exclusives. Show all posts

ജയ്‌പുര്‍: മൂന്നാം ദിവസവും തീയണയ്ക്കാനായില്ല

ജയ്പുര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി.) ജയ്പുര്‍ ഡിപ്പോയില്‍ മൂന്നാം ദിവസവും തീയണയ്ക്കാനായില്ല. ഡിപ്പോയിലെ ഇന്ധനം പൂര്‍ണമായും കത്തിത്തീരാന്‍ കാത്തിരിക്കുകയാണ് അധികൃതര്‍. തീ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് പടരാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു. ഒരു ദിവസത്തിനികം തന്നെ തീയണയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.വ്യാഴാഴ്ച വൈകീട്ട് സിതാപുരയിലെ വ്യവസായ മേഖലയിലുള്ള ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ ഇതുവരെയായി അഞ്ചുപേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഡിപ്പോയിലെ ആറു തൊഴിലാളികളെ കാണാനില്ലെന്നും ജില്ലാ കളക്ടര്‍ കുല്‍ദീപ് രങ്ക അറിയിച്ചു. അഗ്‌നിബാധയില്‍ ഡിപ്പോയുടെ സമീപപ്രദേശത്തുള്ള വ്യവസായമേഖലയിലും വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്. ആകെയുള്ള 1100 യൂണിറ്റുകളില്‍ അഞ്ഞൂറെണ്ണവും അഗ്‌നിബാധയില്‍ നശിച്ചു.

അഭയ കേസ്: പ്രതിഭാഗത്തിന് കോടതിയുടെ വിമര്‍ശനം

അഭയകേസില്‍ അപ്രധാന രേഖകള്‍ ആവശ്യപ്പെട്ട് കേസ് വൈകിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നുവെന്ന് എറണാകുളം സി.ജെ.എം കോടതിയുടെ വിമര്‍ശനം. കേസ് ഡയറി പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അവകാശമില്ലന്നും കോടതി വ്യക്തമാക്കി. അഭയയുടെ മരണത്തിന് ശേഷം ലഭിച്ച ഫോട്ടോഗ്രാഫുകള്‍ കൈമാറണമെന്ന് ഒന്നാം പ്രതി ഫാ.തോമസ് എം കോട്ടൂരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോളാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി ചേരുന്ന എല്ലാ സമയത്തും കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുന്ന പ്രതിഭാഗത്തിന്റെ നടപടി കേസ് വൈകിക്കുന്നതിന് മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറി നല്‍കണമെന്ന രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസ് ഇനി അടുത്തമാസം അഞ്ചിന് പരിഗണിക്കും

ആണവതീവ്രവാദം വെല്ലുവിളി: മന്‍മോഹന്‍സിങ്ങ്‌

ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ആണവസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആണവതീവ്രവാദത്തിന്റെ അനന്തരസാദ്ധ്യതകളെക്കുറിച്ച് പഠിക്കേണ്ടതും ആത്യാവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്. ആണവതീവ്രവാദം പ്രധാനവെല്ലുവിളിയാണെന്ന് മനസ്സിലാക്കി ആണവസുരക്ഷ മുഖ്യവിഷയമാക്കി അടുത്തവര്‍ഷം രാജ്യാന്തരസമ്മേളനം വിളിച്ചുകൂട്ടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രഖ്യാപനത്തെ മന്‍മോഹന്‍ സിങ്ങ് സ്വാഗതം ചെയ്തു. 'ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം' എന്ന വിഷയത്തില്‍ നടന്ന രാജ്യാന്തരസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവഭീഷണികള്‍ക്കെതിരെയുള്ള ആഗോള പ്രതിരോധ നടപടികളിലെല്ലാം ഇന്ത്യയും ഭാഗവാക്കാകുമെന്നും അദ്ദേഹമുറപ്പ് നല്‍കി. ആണവരാജ്യമെന്ന നിലയിലും ലോകരാജ്യങ്ങളിലെ ഉത്തരവാദപ്പെട്ട പ്രതിനിധികളിലൊന്നെന്ന നിലയിലും ഇന്ത്യ നിരായുധീകരണ സമ്മേളനത്തില്‍ 'എഫ്.എം.സി.ടി' എന്ന വിഷയത്തിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കും. ലോകവ്യാപകമായി നടക്കുന്ന ആയുധനിരായുധീകരണ ശ്രമങ്ങള്‍ അപര്യാപ്തമാണെന്നും അത് ഇന്ത്യയുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധനിര്‍മാണത്തെയും ഉപയോഗത്തെയും തടയാന്‍ ആഗോള ആണവനിര്‍വ്യാപന കരാറിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതും ഖേദകരമായ കാര്യമാണ്. ലോകപുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുടെ നിരായുധീകരണ ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ലോകരാഷ്ട്ര സംയുക്ത സംഘടനകള്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി, ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് എല്‍ ബരാദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ ആണവപദ്ധതികളുടെ ഉപജ്ഞാതാവയ ഹോമി ജെഹാംഗീര്‍ ഭാഭയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

തൃശൂര്‍ മെഡിക്കല്‍കോളേജിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് പന്നിപ്പനി

മെഡിക്കല്‍ കോളേജിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് പന്നിപ്പനി ബാധിച്ചെന്ന് ആശങ്ക. ഒരു വിദ്യാര്‍ത്ഥിക്ക് പനി ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വര്‍ക്കല കൊലപാതകം: രണ്ടു പ്രതികളെ റിമാന്‍ഡ് ചെയ്തു

വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയയാളെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ അഞ്ചു പ്രതികളില്‍ രണ്ടുപേരെ കോടതി 13-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വര്‍ക്കല സ്വദേശി കെ.ദാസ്, കൊല്ലം ചിതറ സ്വദേശി അശോകന്‍ എന്നിവരെയാണ് വര്‍ക്കല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്(ഡി.എച്ച്.ആര്‍.എം) എന്ന സംഘടനയുടെ നേതാക്കളാണിവര്‍. കൊലക്കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിക്കൊടുത്ത ആലപ്പുഴ വെണ്മണി സ്വദേശികളായ മൂന്നു പേരെ കൂടി ഞായറാഴ്ച പിടികൂടിയിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ നേതാവ് ശെല്‍വരാജിന് വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ വടക്കന്‍ പറവൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയാറായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് പുലര്‍ച്ചെ നടക്കാനിറങ്ങിയ അയിരൂര്‍ അശ്വതി ഭവനില്‍ ശിവപ്രസാദിനെ(60) ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കൊലയ്ക്ക് ശേഷം അയിരൂരിന് സമീപം മാവിളക്കുന്നില്‍ ഒരു ചായക്കടക്കാരനെയും അക്രമിസംഘം വെട്ടിവീഴ്ത്തിയിരുന്നു.കഴുത്തില്‍ വെട്ടേറ്റ ശിവപ്രസാദ് അടുത്തുള്ള ചായക്കടയിലെ തൊഴിലാളിയെ കൈകാട്ടി വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു. ചായക്കട ത്തൊഴിലാളി അറിയിച്ചതനുസരിച്ച് ബന്ധുക്കളും അയല്‍ക്കാരുമെത്തി ശിവപ്രസാദിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്കുവെച്ച് മരിച്ചു.സ്ഥിരമായി പ്രഭാതസവാരി നടത്താറുള്ള ശിവപ്രസാദ് അയിരൂര്‍ ആമ്പല്ലൂര്‍ ക്ഷേത്രത്തില്‍ തൊഴുത് അടുത്തുള്ള കടയില്‍ നിന്ന് ചായകുടിച്ച് നടക്കുകയായിരുന്നു പതിവ്. ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ ഡ്രൈവറായിരുന്ന ശിവപ്രസാദ് പത്തുവര്‍ഷമായി കുടുംബസമേതം അയിരൂരില്‍ കഴിയുകയായിരുന്നു.


കോളക്കമ്പനിമൂലം 86 കോടിയുടെ നഷ്ടമെന്ന് പഞ്ചായത്ത്‌

പ്ലാച്ചിമട കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനംമൂലം പെരുമാട്ടി ഗ്രാമപ്പഞ്ചായത്തില്‍ വിവിധതലങ്ങളിലായി 86 കോടിയുടെ നഷ്ടംസംഭവിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍. നഷ്ടപരിഹാരം സംബന്ധിച്ച് കണക്കെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാരസമിതിമുമ്പാകെ ഗ്രാമപ്പഞ്ചായത്ത് ഔദ്യോഗികമായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ഭൂഗര്‍ഭജലവും മണ്ണും ജലാശയങ്ങളും മലിനപ്പെടുത്തുകയും വെള്ളത്തിന്റെ ഉറവിടം നശിപ്പിക്കുകയും ചെയ്യുകവഴിയാണ് ഏറ്റവുമധികം നഷ്ടംസംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിനത്തില്‍മാത്രം 68,50,00,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതിയില്ലാതെ പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം വീതം 1,370 ദിവസങ്ങളിലായി 68,50,00,000 ലിറ്റര്‍ വെള്ളം കൊക്കകോള കമ്പനി ഊറ്റിയെടുത്തെന്നാണ് പ്രധാന പരാതി. പ്രകൃത്യായുള്ള ജലവിതരണസംഭരണ ശൃംഖലയെ നശിപ്പിച്ചതുവഴി ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങള്‍ വരള്‍ച്ചബാധിത മേഖലയായി മാറിയെന്നും ഒരുലിറ്ററിന് ഒരുരൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനംമൂലം കാര്‍ഷികമേഖലയ്ക്ക് കനത്ത നഷ്ടങ്ങളുണ്ടായിട്ടുണ്ട്. 375 ഹെക്ടര്‍ നെല്‍കൃഷിപ്രദേശത്ത് ഉല്പാദനം കുറഞ്ഞു. നെല്‍കൃഷിയിനത്തില്‍ 51 ലക്ഷവും കേരകൃഷി ഉല്പാദനത്തില്‍ 1,36,50,000 രൂപയും കനാല്‍നവീകരണം, കിണറുകള്‍ നന്നാക്കല്‍, പുതിയ കിണര്‍ കുഴിക്കല്‍ എന്നീയിനത്തില്‍ 3,82,28,000 രൂപയും കമ്പനിക്കെതിരായ കോടതിനടപടികളില്‍ ഇടപെട്ടതുവഴി 7,50,000 രൂപയും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാച്ചിമട, മാധവന്‍നായര്‍പതി, വിജയനഗര്‍ കോളനികളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 50 ലക്ഷവും പട്ടികവര്‍ഗകോളനികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുംമറ്റുമായി 10 കോടിയും നഷ്ടപരിഹാരം വേണമെന്നാണ് ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ ദിവസം ഉന്നതാധികാരസമിതി നടത്തിയ സിറ്റിങ്ങിലാണ് നഷ്ടപരിഹാരത്തിന്റെ സമഗ്രറിപ്പോര്‍ട്ട് നല്‍കിയത്. 2000 ജൂണ്‍ മൂന്നിന് പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങിയ കൊക്കകോള കമ്പനി ഗ്രാമപ്പഞ്ചായത്തിന്റെയും സമരസമിതിയുടെയും ഇടപെടലിനെത്തുടര്‍ന്ന് 2004 മാര്‍ച്ച് ഒമ്പതുമുതല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കയാണ്.

ജനസേവനത്തിനു പറ്റിയ തൊഴിലായി മാര്‍ക്‌സ് കണ്ടത് പത്രപ്രവര്‍ത്തനം - വി.എസ്.

സ്വദേശാഭിമാനിപ്രതിമ പുനഃസമര്‍പ്പിച്ചു
തിരുവനന്തപുരം: കാള്‍ മാര്‍ക്‌സ് ജനസേവനത്തിന് ഏറ്റവും പറ്റിയ തൊഴിലായി കണ്ടതും തിരഞ്ഞെടുത്തതും പത്രപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലേക്കു മാറ്റി സ്ഥാപിച്ച സ്വദേശാഭിമാനി പ്രതിമയുടെ പുനഃസമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഉദ്യോഗം തിരഞ്ഞെടുക്കുന്നതില്‍ ഒരു യുവാവിനുണ്ടാവുന്ന ചിന്തകള്‍ എന്ന വിഷയത്തില്‍ പഠനകാലത്ത് മാര്‍ക്‌സ് ഒരു പ്രബന്ധം തയ്യാറാക്കിയ കാര്യം വി.എസ്. അനുസ്മരിച്ചു. പണം സമ്പാദിക്കുന്നതിനോ ആഢംബര ജീവിതം നയിക്കുന്നതിനോ പ്രൗഢിക്കു വേണ്ടിയോ ആകരുത് ഉദ്യോഗം എന്ന് മാര്‍ക്‌സ് അതില്‍ പറയുന്നു. മറിച്ച് കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് നല്ല ജീവിതം ലഭ്യമാക്കുന്നതിനും വേണ്ടിയുള്ളതാവണം. നിയമവും തത്ത്വശാസ്ത്രവും പഠിച്ച മാര്‍ക്‌സ് ജനസേവനത്തിനായി തിരഞ്ഞെടുത്തത് പത്രപ്രവര്‍ത്തനമാണ്. ഈശ്വരന്‍ തെറ്റു ചെയ്താലും താനത് റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിജ്ഞയും പ്രഖ്യാപനവും. അതിന്റെ അന്തഃസത്ത അദ്ദേഹം ഉടനീളം പാലിച്ചു. തിരുവായ്ക്കതിര്‍വായില്ലാത്ത കാലത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി സുധീരം നിലകൊണ്ടുവെന്നതും അനീതിയെയും അഴിമതിയെയും നഖശിഖാന്തം എതിര്‍ത്തുവെന്നതും പത്രധര്‍മ്മം എന്തെന്നു കാണിച്ചുകൊടുത്തുവെന്നതും ഐതിഹാസികമാണ്. ഉടമയായ വക്കം അബ്ദുള്‍ഖാദര്‍ മൗലവി നല്‍കിയ കലവറയില്ലാത്ത സ്വാതന്ത്ര്യവും പിന്തുണയുമാണ് സ്വദേശാഭിമാനി പത്രത്തെ നീതിക്കുവേണ്ടിയുള്ള പടവാളാക്കി മാറ്റാന്‍ രാമകൃഷ്ണപിള്ളയ്ക്കു കരുത്ത് പകര്‍ന്നതെന്ന് വി.എസ്. പറഞ്ഞു. രാമകൃഷ്ണപിള്ളയെ മാധ്യമപ്രവര്‍ത്തകര്‍ മാതൃകയാക്കാമെന്നു പറയുംപോലെ മാധ്യമ ഉടമകള്‍ വക്കം മൗലവിയെ മാതൃകയാക്കണമെന്ന് ഇന്നു പറയാന്‍ കഴിയുമോ എന്നതൊരു പ്രശ്‌നമാണ്. മാധ്യമങ്ങള്‍ വന്‍വ്യവസായമായി മാറിയതോടെ മാധ്യമസ്വാതന്ത്ര്യം ആരുടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന പ്രശ്‌നമുണ്ടെന്നും അദ്ദേഹം വിലയിരുത്തി.മാധ്യമസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി മാധ്യമസ്വാതന്ത്ര്യമാണ്. ഒരു തിരുത്തല്‍ശക്തിയായി ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ നിലനില്‍ക്കേണ്ടത് എല്ലാവരുടെയും വിശേഷിച്ചും ജനാധിപത്യ പദവികള്‍ വഹിക്കുന്നവരുടെ ആവശ്യമാണ്. ചോദ്യം ചെയ്യാനും ചൂണ്ടിക്കാട്ടാനും ആരുമില്ലെങ്കില്‍ അറിയാതെയാണെങ്കിലും തെറ്റുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണത, അധഃപതനം എന്നിവയില്‍ നിന്ന് പത്രപ്രവര്‍ത്തനവും മുക്തമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം പ്രവണതകളില്‍ ഇടപെട്ടു നിയന്ത്രിക്കാന്‍ പ്രസ്ഥാനങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനഫലമായി വന്‍കിട പത്രങ്ങള്‍ക്കു പോലും തെറ്റുകള്‍ ഏറ്റുപറയേണ്ടി വരുന്നു. ഇതുപോലുള്ള തിരുത്തല്‍ പ്രസ്ഥാനങ്ങള്‍ ആവശ്യമില്ലേ എന്ന കാര്യം ചിന്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമമന്ത്രി എം.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. ഗോവിന്ദപ്പിള്ള സ്വദേശാഭിമാനി അനുസ്മണ പ്രഭാഷണം നടത്തി. ഭക്ഷ്യമന്ത്രി സി. ദിവാകരന്‍, എ. സമ്പത്ത് എം.പി., എം.എല്‍.എ.മാരായ വി. ശിവന്‍കുട്ടി, മാങ്കോട് രാധാകൃഷ്‌നന്‍, മേയര്‍ സി. ജയന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, മുന്‍ എം.പി. വര്‍ക്കല രാധാകൃഷ്‌നന്‍, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ഷീലാ തോമസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.സി. രാജഗോപാല്‍, മുന്‍ പ്രസിഡന്റ് സി. ഗൗരീദാസന്‍ നായര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എം. നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വദേശാഭിമാനി എഴുതിയ 'എന്റെ നാടുകടത്തല്‍', സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളുടെ സംഗ്രഹം, ജനപഥം സ്വദേശാഭിമാനി പതിപ്പ് എന്നിവയുടെ പ്രകാശനവും എം.എ. റഹ്മാന്‍ സ്വദേശാഭിമാനിയെക്കുറിച്ച് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ സ്വിച്ചോണും ചടങ്ങില്‍ നടന്നു.

കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കിയെന്ന് ഐ.ബി.

വര്‍ഗീയസ്വഭാവമുള്ള തീവ്രവാദി സംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും അതുമൂലം സംസ്ഥാനത്ത് സ്‌ഫോടനാത്മക സാഹചര്യമാണ് നിലവിലുള്ളതെന്നും കേന്ദ്രരഹസ്യാന്വേഷണ ബ്യൂറോ(ഐ.ബി)യുടെ റിപ്പോര്‍ട്ട്. കേരളത്തിലെ സവിശേഷസാഹചര്യവും തീവ്രവാദികള്‍ക്ക് കിട്ടുന്ന രാഷ്ട്രീയസംരക്ഷണവുംമൂലം ഇവരെ നേരിടുക ബുദ്ധിമുട്ടാണെന്നും രഹസ്യാന്വേഷണ ബ്യൂറോ തയ്യാറാക്കിയ രഹസ്യറിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ പ്രധാനനഗരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹെലികോപ്ടര്‍ വഴിയുള്ള ആക്രമണവും ഉണ്ടായേക്കാമെന്നും ഐ.ബി. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാജ്യത്തെ സുരക്ഷാസാഹചര്യത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പ് ഐ.ബി. തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. സര്‍ക്കാറിന്റെ ഉന്നതനേതൃത്വത്തിന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഒരാഴ്ചമുമ്പ് രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തിലെ ഉന്നതരെ ഐ.ബി.യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് 'ഗുരുതരം ' എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്.വളരെക്കാലമായി തീവ്രവാദികള്‍ക്ക് കേരളം ഫലപുഷ്ടിയുള്ള പ്രദേശമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായിക്കഴിഞ്ഞു-റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. തീവ്രവാദി ബന്ധമുള്ള ചില ഉന്നതര്‍ സംസ്ഥാനത്തുണ്ടെന്ന് ഐ.ബി. പറഞ്ഞു.ഗള്‍ഫ് മേഖലയുമായി കേരളത്തിനുള്ള പരമ്പരാഗത ബന്ധം മറയാക്കിയാണ് കേരളത്തില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ. തങ്ങളുടെ രഹസ്യ സെല്ലുകള്‍ രൂപവത്കരിച്ചിരിക്കുന്നത്. ആശയപ്രചാരണം വഴി വിവിധ പേരുകളിലുള്ള മതതീവ്രവാദി സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ കേരളത്തില്‍നിന്ന് ദുബായിലേക്ക് അയയ്ക്കുകയാണ് പതിവ്. ദുബായില്‍നിന്ന് ഐ.എസ്.ഐ. സ്‌പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാക്കുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് മാനസികമായി സജ്ജരാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്, കശ്മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അയയ്ക്കുകയാണ് പതിവ്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിരോധിത സംഘടനയായ 'സിമി'യാണെന്നും ഐ.ബി.റിപ്പോര്‍ട്ട് പറയുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി യുവാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഈ സുപ്രധാനവിവരങ്ങള്‍ ലഭിച്ചതെന്നും ഐ.ബി. സൂചിപ്പിക്കുന്നു.കേരളതീരത്ത് കണ്ടെയ്‌നര്‍ വഴി വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഐ.ബി. പറയുന്നു. രാജ്യത്തെ തീവ്രവാദിശൃംഖലകളും പൂര്‍വാധികം ശക്തമാണ്. നിര്‍ജീവമായിരുന്ന ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കാനും ജിഹാദി സംഘടനകളെ സഹകരിപ്പിക്കാനും ഐ.എസ്.ഐ. ശ്രമം തുടങ്ങിയിട്ടുണ്ട്. ബബ്ബര്‍ഖല്‍സ, ഖാലിസ്ഥാന്‍ കമാന്‍ഡോഫോഴ്‌സ് തുടങ്ങിയ തീവ്രവാദി സംഘടനകള്‍ പഞ്ചാബില്‍ സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. പരംജിത്ത്‌സിങ് പഞ്ച്‌വാറിനെപ്പോലുള്ള ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഇപ്പോഴും ഐ.എസ്.ഐ.യുടെ സംരക്ഷണയില്‍ പാകിസ്താനില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

എലിശല്യം: എയര്‍ ഇന്ത്യ വിമാനം വൈകി

അമൃത്സര്‍: എലി കയറിയതിനെ തുടര്‍ന്ന് അമൃത്സര്‍-ലണ്ടന്‍ വിമാനം മണിക്കൂറുകള്‍ വൈകി. രാവിലെ 6.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് എലിശല്യം കാരണം വൈകിയത്. യാത്രക്കാരാണ് വിമാനത്തിനുള്ളില്‍ എലിയെ കണ്ടത്. തുടര്‍ന്ന് എലിയെ കണ്ടെത്താനായി ജോലിക്കാരും തിരച്ചില്‍ തുടങ്ങി. വിമാനത്തിലുണ്ടായിരുന്ന 238 യാത്രക്കാരെയും പുറത്തിറക്കിയായിരുന്നു തിരച്ചില്‍. മൂന്നു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരു വിമാനം വരുത്തിയാണ് യാത്രക്കാരെ അയച്ചത്. എലിയെ കണ്ടെത്തിയ എ.ഐ 187 വിമാനം സിവില്‍ വ്യോമയാന ഡയറക്‌ട്രേറ്റ് ജനറലിന്റെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇനി യാത്രയ്ക്കായി ഉപയോഗിക്കാവൂവെന്ന് നിര്‍ദേശം നല്‍കിയതായി എയര്‍ ഇന്ത്യ മാനേജര്‍ അശ്വിനി കുമാര്‍ അറിയിച്ചു.

പുണെയില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴ 1000 രൂപ

പുണെ: പുണെയില്‍ ചെന്ന് പൊതുസ്ഥലത്ത് ഒന്നു തുപ്പാമെന്നു വച്ചാല്‍ കുഴങ്ങിയതുതന്നെ. പിഴ ആയിരം രൂപയാണ്.പന്നിപ്പനി പടര്‍ന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണ്ടെത്തിയ വഴിയാണിത്. നേരത്തെ 25 രൂപയായിരുന്നു പിഴ.പന്നിപ്പനിയുടെ വൈറസ് എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്നുള്ളതുകൊണ്ടാണ് പൊതുസ്ഥലത്തെ തുപ്പലിനെതിരെ മുനിസിപ്പാലിറ്റി രംഗത്തുവന്നത്. ബോംബെ പ്രൊവിന്‍ഷ്യല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട് നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് കമ്മീഷണര്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.ഇന്നു മുതല്‍ തന്നെ മുനിസിപ്പാലിറ്റിയുടെ ന്യൂയിസെന്‍സ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുപ്പലുകാരെ തപ്പിയിറങ്ങും.ഇന്ത്യയിലെ പന്നിപ്പനിയുടെ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുണെയില്‍ കഴിഞ്ഞ ആഗസ്ത് മുതല്‍ ഇതുവരെയായി 61 പേരുടെ ജീവനാണ് പന്നിപ്പനി അപഹരിച്ചത്.

തീവ്രവാദം: മാറേണ്ടത് പാകിസ്താന്റെ നിലപാടെന്ന് മന്‍മോഹന്‍സിങ്‌

പിറ്റ്‌സ്ബര്‍ഗ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിലെ ഏക തടസ്സം തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച വിഷയത്തിലുള്ള പാകിസ്താന്റെ നിലപാടാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്തണമെന്നു തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍, അതിന് തീവ്രവാദത്തെ ഉപയോഗപ്പെടുത്തുന്ന പാകിസ്താന്റെ നിലപാട് മാറിയേ തീരൂ-മന്‍മോഹന്‍സിങ് പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്‍മോഹന്‍സിങ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്നത് പാകിസ്താനിലാണ്. ഇക്കാര്യം പാകിസ്താന്‍ തന്നെ സമ്മതിച്ചതാണ്. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്നുമുതല്‍ തന്നെ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഇതിനുവേണ്ട തെളിവുകളെല്ലാം കൈമാറിയിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ പ്രതികള്‍ക്കെതിരെ നടപടിയെടുത്താല്‍ അത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ ഏറെ സഹായകരമാകുമായിരുന്നു. എന്നാല്‍, പാകിസ്താന്റെ ഭാഗത്തു നിന്നും അത്തരമൊരു നീക്കവും നടക്കുന്നില്ല-മന്‍മോഹന്‍സിങ് പറഞ്ഞു.പാകിസ്താനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലും പാക്പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായി നടത്തിയ ചര്‍ച്ചയിലും ഇന്ത്യയുടെ ഈ നിലപാട് ഞാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ഇന്ത്യയും പാകിസ്താനും അയല്‍ക്കാരാണ്. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരായി മുന്നോട്ടുപോകാന്‍ ഇരാരാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്-മന്‍മോഹന്‍സിങ് പറഞ്ഞു.

തിരുവനന്തപുരത്ത് ഓഫ്‌സെറ്റ് പ്രസ്സ് കത്തിനശിച്ചു

തിരുവനന്തപുരം: മണ്‍വിളയിലെ വ്യവസായഎസ്റ്റേറ്റിലെ സോളാര്‍ ഓഫ്‌സെറ്റ് പ്രിന്റിങ് പ്രസ്സിന് തീപിടിച്ച് കോടികള്‍ നഷ്ടം. ഇരുപതോളം ഫയര്‍ യൂണിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി. ഇന്നുപുലര്‍ച്ചെയാണ് തീയാളിക്കത്തുന്നത് കണ്ടത്.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള ടെക്സ്റ്റുബുക്കുകള്‍ അച്ചടിച്ചുകൊണ്ടിരുന്ന പ്രസ്സാണ് കത്തി നശിച്ചത്. രണ്ടുവര്‍ഷത്തെ കോണ്‍ട്രാക്ട് ആയതിനാല്‍ അടുത്ത വര്‍ഷത്തേക്കുള്ള അച്ചടിച്ച പൂസ്തകങ്ങളും സ്‌റ്റോക്കുണ്ടായിരുന്ന കെട്ടിടമാണ് കത്തി നശിച്ചത്. നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ ഫോമുകളും ഇവിടെ അച്ചടിക്കുന്നുണ്ടായിരുന്നു.

സെബാസ്റ്റ്യന്‍ പോള്‍ സ്റ്റാലിനിസ്റ്റ് രീതിയുടെ ഇര: വയലാര്‍ രവി

ന്യൂഡല്‍ഹി; മാധ്യമങ്ങള്‍ക്കെതിരെ സി.പി.എം പിന്തുടരുന്ന സ്റ്റാലിനിസ്റ്റ് രീതിയുടെ ഒടുവിലത്തെ ഇരയാണ് സെബാസ്റ്റ്യന്‍ പോളെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി. മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് സി.പി.എം ശ്രമിച്ചത്. വിമര്‍ശിക്കുന്നവരെയെല്ലാം ശത്രുവായി പ്രതിഷ്ഠിക്കുന്ന സി.പി.എം രീതി ശരിയല്ല. ലാവലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് എ.കെ ആന്റണിയുടെ പേര് വലിച്ചിഴക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് എ.കെ ആന്റണിയെ നന്നായി അറിയാമെന്നും രവി പറഞ്ഞു

ചന്ദ്രനില്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ജലം: മാധവന്‍ നായര്‍

ബാംഗ്ലൂര്‍: പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ജലം ചന്ദ്രനിലുണ്ടെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. ധാതുക്കളെക്കുറിച്ചുള്ള പഠനത്തിനിടെ ആകസ്മികമായാണ് ജലം കണ്ടെത്തിയത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാന്റെ ചരിത്രനേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ തന്നെ ജലസാന്നിധ്യം സംബന്ധിച്ച സൂചന ലഭിച്ചിരുന്നു. ചന്ദ്രയാന്‍ 110 ശതമാനവും വിജയമായിരുന്നു. ചന്ദ്രയാനിലൂടെ വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും മാധവന്‍ നായര്‍ പറഞ്ഞു. ചന്ദ്രനില്‍ ജലമുണ്ടാകാനുള്ള സാധ്യത മാര്‍ച്ചില്‍ തന്നെ നാസ ഐ.എസ്.ആര്‍.ഒയുമായി പങ്കുവെച്ചിരുന്നുവെന്നും മാധവന്‍ നായര്‍ വെളിപ്പെടുത്തി. ഏതായാലും ശാസ്ത്ര സത്യങ്ങള്‍ കണ്ടെത്തുന്നതില്‍ അന്തര്‍ദേശീയ സഹകരണത്തിന്റെ ഉത്തമമാതൃകയാണ് ചന്ദ്രനില്‍ ജലം കണ്ടെത്താനായത്. വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ചന്ദ്രയാന്‍-2 ന്റെ ലക്ഷ്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ പുന:ക്രമീകരിക്കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു.

പാകിസ്താനില്‍ യു.എസ് മിസൈലാക്രമണം: നാല് മരണം

മിര്‍ അലി(പാകിസ്താന്‍): വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഗോത്രമേഖലയില്‍ പൈലറ്റില്ലാത്ത വിമാനം ഉപയോഗിച്ച് അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ നാല് പേര്‍ മരിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ വസീരിസ്താനിലെ മിര്‍ അലി പട്ടണത്തിനടുത്താണ് ആക്രമണമുണ്ടായത്.

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ പണിമുടക്കുന്നു

ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിനെതുടര്‍ന്ന് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ പണിമുടക്കുന്നു. ഇന്ന് അര്‍ധരാത്രിമുതലാണ് പണിമുടക്കുപ്രഖ്യാപിച്ചിട്ടുള്ളത്. 400 ഓളം പൈലറ്റുമാര്‍ സമരത്തില്‍ പങ്കെടുക്കും. എയര്‍ ലൈന്‍സിലെ ഓഫീസര്‍മാരുടെയും പൈലറ്റുമാരുടെയും ആനുകൂല്യങ്ങളില്‍ 50 ശതമാനം കുറവുവരുത്താന്‍ ഇന്നലെ ചേര്‍ന്ന എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടിയെടുത്തതിന് ജറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാര്‍ നടത്തിയിരുന്ന സമരം ഒത്തുതീര്‍ന്നതിനുപിന്നാലെയാണ് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ പണിമുടക്ക് നടത്തുന്നത്.



മുല്ലപ്പെരിയാര്‍: പദ്ധതിനിര്‍ദേശം തമിഴ്‌നാടിന് കൈമാറണമെന്ന് കേന്ദ്രം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുള്ള പദ്ധതി നിര്‍ദേശം തമിഴ്‌നാടിന് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച് നിലപാട് അറിയിക്കാന്‍ തമിഴ്‌നാടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പിണറായി ഉപജാപകരുടെ പിടിയില്‍: സെബാസ്റ്റ്യന്‍ പോള്‍

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു. മാതൃഭൂമിയില്‍ എഴുതിയ തന്റെ ലേഖനത്തെ വിമര്‍ശനവിധേയമാക്കിയതിന് പിന്നിലും ഇതേ ഉപജാപക സംഘം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയേയും മറ്റ് പാര്‍ട്ടി നേതാക്കളേയും തെറ്റിദ്ധരിപ്പിക്കുന്നതും ഈ ഉപജാപക സംഘമാണ്. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാതെ പ്രതികരിക്കുന്നവരാണ് പാര്‍ട്ടിയില്‍ പലരും. പൊതുസമൂഹത്തെ പാര്‍ട്ടിയോട് ബന്ധിപ്പിക്കാന്‍ കഴിയുന്ന കണ്ണികളെ ഒന്നൊന്നായി പാര്‍ട്ടി മുറിച്ചുമാറ്റുകയാണ്. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാ ഗാന്ധി മാധ്യമങ്ങളുടെ നേരെ ആഞ്ഞടിച്ച അതേ ശൈലിയാണ് പിണറായി വിജയനും കൂട്ടരും ആവര്‍ത്തിക്കുന്നത്. ഉപജാപകവൃന്ദത്തിലുള്ളവര്‍ പറയുന്ന അസത്യങ്ങളാണ് പിണറായി വിശ്വസിക്കുന്നത്. പിണറായിക്ക് വേണ്ടി ചാവേറാകാന്‍ തന്നെ കിട്ടില്ല. പൊതുസമൂഹത്തോട് ബാധ്യതയുള്ള പൊതുപ്രവര്‍ത്തകനാണ് താന്‍. സി.പി.എം കുറച്ചുകൂടി സഹിഷ്ണുതയോടെ പ്രതികരിക്കണം. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ വെച്ച് പിണറായി വിജയന്‍ തന്നെ വിമര്‍ശിച്ചത് ഏറെ വേദനിപ്പിച്ചു. താന്‍ പറഞ്ഞ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു.മാതൃഭൂമിയില്‍ 'കല്ലേറുകള്‍ക്കിടയിലെ മാധ്യമ ധര്‍മ്മം' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സംവാദപരമ്പരയില്‍ 'സത്യാന്വേഷണം തുടരട്ടെ' എന്ന ശീര്‍ഷകത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനമാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ഇതിനെതിരായി പാര്‍ട്ടി പത്രത്തില്‍ പ്രഭാ വര്‍മ്മ എഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ചത്. എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തുന്ന അധിക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിലുള്ള കൈയേറ്റമായും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള മാധ്യമങ്ങളുടെ നീക്കത്തെ മാധ്യമസ്വാതന്ത്ര്യമായും സെബാസ്റ്റ്യന്‍ പോള്‍ ചിത്രീകരിക്കുകയാണെന്നാണ് പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തിയത്.