കോളക്കമ്പനിമൂലം 86 കോടിയുടെ നഷ്ടമെന്ന് പഞ്ചായത്ത്
Posted by
Musiqsearch
on Saturday, September 26, 2009
Labels:
Exclusives
പ്ലാച്ചിമട കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനംമൂലം പെരുമാട്ടി ഗ്രാമപ്പഞ്ചായത്തില്‍ വിവിധതലങ്ങളിലായി 86 കോടിയുടെ നഷ്ടംസംഭവിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റിഷ പ്രേംകുമാര്‍. നഷ്ടപരിഹാരം സംബന്ധിച്ച് കണക്കെടുക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാരസമിതിമുമ്പാകെ ഗ്രാമപ്പഞ്ചായത്ത് ഔദ്യോഗികമായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. ഭൂഗര്‍ഭജലവും മണ്ണും ജലാശയങ്ങളും മലിനപ്പെടുത്തുകയും വെള്ളത്തിന്റെ ഉറവിടം നശിപ്പിക്കുകയും ചെയ്യുകവഴിയാണ് ഏറ്റവുമധികം നഷ്ടംസംഭവിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിനത്തില്‍മാത്രം 68,50,00,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അനുമതിയില്ലാതെ പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം വീതം 1,370 ദിവസങ്ങളിലായി 68,50,00,000 ലിറ്റര്‍ വെള്ളം കൊക്കകോള കമ്പനി ഊറ്റിയെടുത്തെന്നാണ് പ്രധാന പരാതി. പ്രകൃത്യായുള്ള ജലവിതരണസംഭരണ ശൃംഖലയെ നശിപ്പിച്ചതുവഴി ഗ്രാമപ്പഞ്ചായത്ത് പ്രദേശങ്ങള്‍ വരള്‍ച്ചബാധിത മേഖലയായി മാറിയെന്നും ഒരുലിറ്ററിന് ഒരുരൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കമ്പനിയുടെ പ്രവര്‍ത്തനംമൂലം കാര്‍ഷികമേഖലയ്ക്ക് കനത്ത നഷ്ടങ്ങളുണ്ടായിട്ടുണ്ട്. 375 ഹെക്ടര്‍ നെല്‍കൃഷിപ്രദേശത്ത് ഉല്പാദനം കുറഞ്ഞു. നെല്‍കൃഷിയിനത്തില്‍ 51 ലക്ഷവും കേരകൃഷി ഉല്പാദനത്തില്‍ 1,36,50,000 രൂപയും കനാല്‍നവീകരണം, കിണറുകള്‍ നന്നാക്കല്‍, പുതിയ കിണര്‍ കുഴിക്കല്‍ എന്നീയിനത്തില്‍ 3,82,28,000 രൂപയും കമ്പനിക്കെതിരായ കോടതിനടപടികളില്‍ ഇടപെട്ടതുവഴി 7,50,000 രൂപയും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്ലാച്ചിമട, മാധവന്‍നായര്‍പതി, വിജയനഗര്‍ കോളനികളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 50 ലക്ഷവും പട്ടികവര്‍ഗകോളനികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുംമറ്റുമായി 10 കോടിയും നഷ്ടപരിഹാരം വേണമെന്നാണ് ഗ്രാമപ്പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമാട്ടി ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ ദിവസം ഉന്നതാധികാരസമിതി നടത്തിയ സിറ്റിങ്ങിലാണ് നഷ്ടപരിഹാരത്തിന്റെ സമഗ്രറിപ്പോര്‍ട്ട് നല്‍കിയത്. 2000 ജൂണ്‍ മൂന്നിന് പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങിയ കൊക്കകോള കമ്പനി ഗ്രാമപ്പഞ്ചായത്തിന്റെയും സമരസമിതിയുടെയും ഇടപെടലിനെത്തുടര്‍ന്ന് 2004 മാര്‍ച്ച് ഒമ്പതുമുതല്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കയാണ്.
0 comments:
Post a Comment