തീവ്രവാദം: മാറേണ്ടത് പാകിസ്താന്റെ നിലപാടെന്ന് മന്‍മോഹന്‍സിങ്‌

പിറ്റ്‌സ്ബര്‍ഗ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിലെ ഏക തടസ്സം തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച വിഷയത്തിലുള്ള പാകിസ്താന്റെ നിലപാടാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. പാകിസ്താനുമായി നല്ല ബന്ധം പുലര്‍ത്തണമെന്നു തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍, അതിന് തീവ്രവാദത്തെ ഉപയോഗപ്പെടുത്തുന്ന പാകിസ്താന്റെ നിലപാട് മാറിയേ തീരൂ-മന്‍മോഹന്‍സിങ് പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്‍മോഹന്‍സിങ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്നത് പാകിസ്താനിലാണ്. ഇക്കാര്യം പാകിസ്താന്‍ തന്നെ സമ്മതിച്ചതാണ്. ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്നുമുതല്‍ തന്നെ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഇതിനുവേണ്ട തെളിവുകളെല്ലാം കൈമാറിയിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ പ്രതികള്‍ക്കെതിരെ നടപടിയെടുത്താല്‍ അത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടാന്‍ ഏറെ സഹായകരമാകുമായിരുന്നു. എന്നാല്‍, പാകിസ്താന്റെ ഭാഗത്തു നിന്നും അത്തരമൊരു നീക്കവും നടക്കുന്നില്ല-മന്‍മോഹന്‍സിങ് പറഞ്ഞു.പാകിസ്താനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലും പാക്പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുമായി നടത്തിയ ചര്‍ച്ചയിലും ഇന്ത്യയുടെ ഈ നിലപാട് ഞാന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു മാറ്റവും ഇതുവരെ വരുത്തിയിട്ടില്ല. ഇന്ത്യയും പാകിസ്താനും അയല്‍ക്കാരാണ്. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരായി മുന്നോട്ടുപോകാന്‍ ഇരാരാജ്യങ്ങള്‍ക്കും ബാധ്യതയുണ്ട്-മന്‍മോഹന്‍സിങ് പറഞ്ഞു.

0 comments:

Post a Comment