ആണവതീവ്രവാദം വെല്ലുവിളി: മന്‍മോഹന്‍സിങ്ങ്‌

ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ആണവസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആണവതീവ്രവാദത്തിന്റെ അനന്തരസാദ്ധ്യതകളെക്കുറിച്ച് പഠിക്കേണ്ടതും ആത്യാവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ്. ആണവതീവ്രവാദം പ്രധാനവെല്ലുവിളിയാണെന്ന് മനസ്സിലാക്കി ആണവസുരക്ഷ മുഖ്യവിഷയമാക്കി അടുത്തവര്‍ഷം രാജ്യാന്തരസമ്മേളനം വിളിച്ചുകൂട്ടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രഖ്യാപനത്തെ മന്‍മോഹന്‍ സിങ്ങ് സ്വാഗതം ചെയ്തു. 'ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം' എന്ന വിഷയത്തില്‍ നടന്ന രാജ്യാന്തരസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവഭീഷണികള്‍ക്കെതിരെയുള്ള ആഗോള പ്രതിരോധ നടപടികളിലെല്ലാം ഇന്ത്യയും ഭാഗവാക്കാകുമെന്നും അദ്ദേഹമുറപ്പ് നല്‍കി. ആണവരാജ്യമെന്ന നിലയിലും ലോകരാജ്യങ്ങളിലെ ഉത്തരവാദപ്പെട്ട പ്രതിനിധികളിലൊന്നെന്ന നിലയിലും ഇന്ത്യ നിരായുധീകരണ സമ്മേളനത്തില്‍ 'എഫ്.എം.സി.ടി' എന്ന വിഷയത്തിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കും. ലോകവ്യാപകമായി നടക്കുന്ന ആയുധനിരായുധീകരണ ശ്രമങ്ങള്‍ അപര്യാപ്തമാണെന്നും അത് ഇന്ത്യയുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധനിര്‍മാണത്തെയും ഉപയോഗത്തെയും തടയാന്‍ ആഗോള ആണവനിര്‍വ്യാപന കരാറിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതും ഖേദകരമായ കാര്യമാണ്. ലോകപുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുടെ നിരായുധീകരണ ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ലോകരാഷ്ട്ര സംയുക്ത സംഘടനകള്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി, ഐ.എ.ഇ.എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് എല്‍ ബരാദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ ആണവപദ്ധതികളുടെ ഉപജ്ഞാതാവയ ഹോമി ജെഹാംഗീര്‍ ഭാഭയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്.

0 comments:

Post a Comment