സില്‍ക്ക് സ്മിത മണ്‍മറഞ്ഞിട്ട് സെപ്തംബര്‍ 23 ന് 13 വര്‍ഷം തികഞ്ഞിരിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ സ്മിത എന്ന നടി എന്തിനെയാണ് പ്രതിനിധാനം ചെയ്തത് എന്നത് സാംസ്‌കാരികമായ തലത്തില്‍ നിര്‍വചിക്കേണ്ട ഒരു ചോദ്യമാണ്. അതേസമയം സ്‌ക്രീനിലെ സ്മിത പ്രേക്ഷകസമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലര്‍ന്ന രൂപകമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ കാലം അല്ലെങ്കില്‍ സിനിമയുടെ നവ-വാണിജ്യഭാഷ ഇത്തരം പ്രതിനിധാനങ്ങളെ ഐറ്റം നമ്പര്‍ താരമായി മാത്രം അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് സില്‍ക്ക് സ്മിത കേവലം ഐറ്റം നമ്പറുകാരി മാത്രമായിരുന്നോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വെളുപ്പ് / കറുപ്പ് / നായിക / എക്‌സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തില്‍ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്പൃശ്യരുടെ ശേഷിപ്പും കൂടിയാണ്. ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തില്‍ നിന്ന്, തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നെത്തിയ വിജയലക്ഷ്മി എന്ന സെല്ലുലോയ്ഡിലെ സില്‍ക്ക് സ്മിത കൊത്തിവലിക്കുന്ന നോട്ടങ്ങളും എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്ന ചലനങ്ങളും കൊണ്ട് പ്രേക്ഷകനെ മോഹിപ്പിച്ച് കീഴടക്കുന്ന തലത്തിലേക്ക് വളര്‍ന്നത് കേവലമായ വളര്‍ച്ചയുടെ സിനിമാപരിണാമമായി മാത്രം കാണാനാവില്ല. നടി/ശരീരം/കഥാപാത്രം ഇത്തരത്തിലുള്ള പരികല്‍പ്പനകളെ വാണിജ്യസിനിമയുടെ കെട്ടുകാഴ്ച്ചകളുടെ പശ്ചാത്തലത്തില്‍ നിര്‍വചിക്കുമ്പോള്‍ അതിന് ഭിന്നാര്‍ത്ഥങ്ങളുണ്ട്. ക്യാമറയുടെ കണ്ണുകള്‍ കഥാപാത്രത്തില്‍ നടിയുടെ ശരീരത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ സിനിമ വാണിജ്യാര്‍ത്ഥത്തില്‍ പൂര്‍ണ്ണതയിലെത്തുകയും അതേസമയം ആ ശരീരത്തെ സമൂഹം സദാചാരപരമായി വേറിട്ട് നിര്‍ത്തുകയുമാണ് ചെയ്യുന്നത്. അതായത് സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ സാക്ഷ്യമാണ് സ്മിത അടക്കമുള്ള നിരവധി ബിംബങ്ങള്‍ തങ്ങളുടെ അനുഭവം കൊണ്ട് പറഞ്ഞിട്ടുപോയത്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ കീഴടക്കിയ സില്‍ക്ക് ഇന്നൊരു ദുരന്തസമാനമായ ഓര്‍മ്മയാണ്. എത്രയോ പേരെ പോലെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എരിഞ്ഞടങ്ങിപ്പോയവരില്‍ ഒരാള്‍. സ്‌ക്രീനില്‍ ആളിക്കത്തിച്ച ആസക്തിയുടെ കൊള്ളിയാന്‍ മിന്നലുകള്‍ അവസാനിച്ചുവീണപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. കാരണം സിനിമയുടെ വ്യാകരണങ്ങളില്‍ ഇത്തരം ദുരൂഹമായ പിന്‍വാങ്ങലുകളുടെ കണ്ണീര്‍ പുരണ്ട ചരിത്രവുമുണ്ട്. അല്ലെങ്കില്‍ പെട്ടെന്ന് കൈവരുന്ന സമ്പത്തും പ്രശസ്തിയും കീഴടക്കുന്ന പുതിയ ആകാശങ്ങള്‍..ഇവ പുതിയ താരോദയങ്ങള്‍ക്ക് മാത്രമല്ല പുതിയ ഈയാംപാറ്റകളെയും സൃഷ്ടിച്ചിട്ടുണ്ട്.ജീവിതം സിനിമയിലെ പോലെ സുന്ദരമല്ലെന്ന് സുന്ദരമായ സ്വന്തം സിനിമകളെ അപനിര്‍മ്മിച്ച / പ്രതിനിര്‍വചിച്ച അവരുടെയെല്ലാം ജീവിതങ്ങള്‍ തെളിയിക്കുന്നു. കെ ജി ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സിനിമാസമൂഹത്തിന്റെ 'ഇരകള്‍'. സിനിമയുടെ വാണിജ്യാതിര്‍ത്തികള്‍ മോഹിപ്പിക്കുന്ന പുതിയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന ഈ കാലത്ത് ഇത്തരം കഥാപാത്രങ്ങള്‍ / സാന്നിദ്ധ്യങ്ങള്‍ സൃഷ്ടിച്ച സാംസ്‌കാരികമായ കീഴാളപ്രതിനിധാനമാണ് സ്മിതയടക്കമുള്ളവരുടെ പ്രസക്തി. ഇനിയും മരിക്കാത്ത ആ വശ്യമായ ചിരിയും നെഞ്ചിടിപ്പിക്കുന്ന ഉടലിനുമൊപ്പം അത് എത്രപേര്‍ ഓര്‍ക്കും...
0 comments:
Post a Comment