അവയവദാനത്തിന് സുരേഷ്‌ഗോപിയും ഹരിശ്രീ അശോകനും

'ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അനുവാദം വാങ്ങിയിട്ടില്ല, തത്കാലം ദൈവത്തിന്റെ അനുവാദം വാങ്ങി ഞാന്‍ പ്രഖ്യാപിക്കുന്നു, എന്റെ എല്ലാ അവയവങ്ങളും ഞാന്‍ ദാനം ചെയ്യും...'' തിരക്കഥയിലെ തീപ്പൊരി ഡയലോഗായിരുന്നില്ല സുരേഷ്‌ഗോപി പറഞ്ഞത്. സ്വന്തം ഹൃദയത്തില്‍ നിന്നുള്ള വാക്കുകളായിരുന്നു. ലോകഹൃദയദിനത്തിന്റെ ഭാഗമായി എറണാകുളം പാപ്പാളി ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു സുരേഷ്‌ഗോപിയുടെ അപ്രതീക്ഷിത ആക്ഷന്‍! തന്റെ പ്രഖ്യാപനം വെറും ഡയലോഗല്ലെന്ന് തെളിയിക്കാന്‍ സുരേഷ്‌ഗോപി അവയവം ദാനം ചെയ്യുന്ന സമ്മതപത്രം ഒപ്പിട്ടുനല്‍കുകയും ഡോണര്‍ കാര്‍ഡ് കൈപ്പറ്റുകയും ചെയ്തു. കൈയടിയോടെ സദസ്സ് സുരേഷ്‌ഗോപിയെ പ്രോത്സാഹിപ്പിച്ചപ്പോള്‍ താക്കീതുമായി ഹരിശ്രീ അശോകന്‍ രംഗത്തുവന്നു. ''സുരേഷേട്ടന്റെ അവയവങ്ങള്‍ ഫിറ്റ് ചെയ്താല്‍പിന്നെ ഷിറ്റ്... ഷിറ്റ് എന്നേ പറയൂ. ചിലപ്പോള്‍ മറ്റുള്ളവരുടെ മേത്ത് കൈയും വെക്കും... എന്റെ അവയവങ്ങള്‍ സ്വീകരിച്ചാല്‍ 24 മണിക്കൂറും കോമഡി പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും കഴിയാം...'' സുരേഷ്‌ഗോപിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹരിശ്രീ അശോകനും അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ടുനല്‍കി. ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഹൃദയം ദാനം ചെയ്യാന്‍ സന്നദ്ധരായ ഇരുനൂറോളം പേര്‍ക്ക് സുരേഷ്‌ഗോപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇവര്‍ക്കുള്ള ഡോണര്‍കാര്‍ഡിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഹാര്‍ട്ട്‌കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറം, എറണാകുളം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സ്റ്റാന്‍ലി കുഞ്ഞിപ്പാലു, ഡോ.പി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച രണ്ട് മണിക്ക് ചിത്രരചനാമത്സരവും ഹൃദയത്തിനിണങ്ങിയ പാചകരീതികളുടെ പരിചയപ്പെടുത്തലും നടക്കും. 4.30ന് സമാപനച്ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.ആര്‍.ബന്നൂര്‍മഠ് മുഖ്യാതിഥിയായിരിക്കും.

0 comments:

Post a Comment