ഗ്രനേഡുകളെ തോല്‌പിച്ച് മനേഷ് വീണ്ടും ജീവിതത്തിലേക്ക്...

'ജീവന്‍ തിരിച്ചുകിട്ടിയതു തന്നെ ഏറ്റവും വലിയ ഭാഗ്യം. ആറുമാസത്തിനുള്ളില്‍ ഞാന്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തും. ഇത് ദൈവം നല്‍കിയ രണ്ടാം ജന്മമാണ്' -ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരെ തുരത്തുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റ കമാന്‍ഡോ മനേഷിന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ ഉള്‍ത്തുടിപ്പുകള്‍... ഭീകരര്‍ പൊട്ടിച്ച ഗ്രനേഡിന്റെ ചീളുകള്‍ തലയില്‍ തറച്ചുകയറിയ മനേഷിന് ശസ്ത്രക്രിയയ്ക്ക് ശേഷവും ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന നിലയിലായിരുന്നു. ഓക്‌സിജന്‍ തെറാപ്പിക്കുശേഷം മെല്ലെ നടക്കാന്‍ തുടങ്ങി. ഇപ്പോള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ തുടര്‍ ചികിത്സയ്‌ക്കെത്തിയിരിക്കുകയാണ് ഈ കണ്ണൂര്‍ സ്വദേശി. 2008 നവംബറില്‍ നാടിനെ നടുക്കിയ മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ട്രൈഡന്റ് ഒബ്‌റോയ് ഹോട്ടലില്‍ നുഴഞ്ഞുകയറിയ ഭീകരരെ തുരത്താനായിരുന്നു മനേഷ് ഉള്‍പ്പെട്ട എന്‍.എസ്.ജി 51 സ്‌പെഷല്‍ ഗ്രൂപ്പിന്റെ നിയോഗം. 60 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രണ്ട് ഭീകരരെ തനിക്ക് വധിക്കാന്‍ കഴിഞ്ഞതായി മനേഷ് ഓര്‍ക്കുന്നു.ഹോട്ടലില്‍ കുടുങ്ങിയ ചിലരെ രക്ഷപ്പെടുത്താനും കഴിഞ്ഞു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ സംഘത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു. മനേഷിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂന്ന് ചീളുകള്‍ തലയോട്ടി തുളച്ചുകയറി. ജര്‍മനിയില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ചീളുകള്‍ പുറത്തെടുത്തു. ആറുമാസം ഡല്‍ഹി ആര്‍മി ആന്‍ഡ് റിസര്‍ച്ച് റഫറന്റ് സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു മനേഷ്. തലയ്ക്ക് പരിക്കേറ്റതോടെ ശരീരത്തിന്റെ വലതുഭാഗം പൂര്‍ണമായും തളര്‍ന്നിരുന്നു. പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. മുംബൈ അശ്വിനി ആസ്​പത്രിയില്‍ 22 ദിവസത്തെ ഓക്‌സിജന്‍ തെറാപ്പി ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നെന്ന് മനേഷ് പറഞ്ഞു. ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ ഫിസിയോ തെറാപ്പിസ്റ്റ് റാണാ ചെങ്കപ്പയുടെ നിര്‍ദേശപ്രകാരമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്. ഡോ. പി.കെ.വാരിയരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ കീഴിലാണ് ഇപ്പോഴത്തെ ചികിത്സ. രണ്ടാഴ്ചയായി ഇവിടെ എത്തിയിട്ട്. പരിക്കേറ്റ ജവാനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞപ്പോള്‍ മനേഷിന്റെ പോരാട്ടവീര്യം ഉണര്‍ന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുലക്ഷത്തിന്റെ ധനസഹായംപോലും പരാതിപ്പെട്ടതിന് ശേഷമാണ് ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു സൗജന്യവും അനുവദിച്ചില്ല. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വെടിയുണ്ട കൊള്ളുന്നവര്‍ക്ക്‌പോലും മറ്റ് സംസ്ഥാനങ്ങള്‍ ലക്ഷങ്ങളാണ് നല്‍കുന്നത്. കേരളത്തില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാത്തതാണ് സര്‍ക്കാരിന്റെ ഈ അറിവില്ലായ്മക്ക് കാരണം. പത്തുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ എന്‍.എസ്.ജി കമാന്‍ഡോകളെ ആവശ്യമായി വരുന്ന സംസ്ഥാനം കേരളമായിരിക്കുമെന്നും മനേഷ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്തതിന് ഭാരതസര്‍ക്കാര്‍ ശൗര്യചക്ര നല്‍കി ആദരിച്ചു. 14 വര്‍ഷത്തെ സേവനത്തിന്റെ അംഗീകാരം കൂടിയാണിത്. കണ്ണൂരില്‍ അഴീക്കോട് കണ്ണോത്ത് മുകുന്ദന്റെയും സരസ്വതിയുടെയും മകനാണ് 33 കാരനായ മനേഷ്. ഭാര്യ ഷീമ. മകന്‍ യദുകൃഷ്‌നന്‍.

0 comments:

Post a Comment