കോടാലി ശ്രീധരന്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായി
Posted by
Musiqsearch
on Friday, September 25, 2009
Labels:
News Special
ബാംഗ്ലൂര്‍: കുപ്രസിദ്ധ ഗുണ്ടാനേതാവ് കോടാലി ശ്രീധരനെ (49) ബാംഗ്ലൂരില്‍ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാരണ്യപുരത്ത് ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ചിക്‌പേട്ട് പോലീസിന്റെ സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിനെക്കുറിച്ച് സിറ്റിപോലീസ് കമ്മീഷണര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇയാളെ ശനിയാഴ്ച ബാംഗ്ലൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ്‌വൃത്തങ്ങള്‍ സൂചിപ്പിച്ചു. പോള്‍ മുത്തൂറ്റ് വധത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് കരുതുന്നു. കൊലപാതകക്കേസുകളിലും ഹവാല ഇടപാടുകളിലും പ്രതിയായ ഇയാള്‍ മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. ചിക്‌പേട്ടില്‍ തുണിക്കടയില്‍ ഇക്കഴിഞ്ഞ ജൂലായ് 18ന് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് പറയപ്പെടുന്നത്. ചിക്‌പേട്ടില്‍ ജൂലായ് 18ന് ഡി.എസ്. ലെയ്‌നിലെ പൂനം പ്ലാസയില്‍ മൊത്ത വ്യാപാരത്തുണിക്കടയില്‍ ഏഴംഗസംഘം ജീവനക്കാരെ ആക്രമിച്ച് 40 ലക്ഷത്തിന്റെ കവര്‍ച്ച നടത്തിയിരുന്നു. സംഘത്തലവന്‍ മലയാളത്തിലാണ് അനുയായികളോട് സംസാരിച്ചിരുന്നതെന്ന് അന്ന് കടയുടമ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സംഭവത്തെ പിന്‍പറ്റിയുള്ള അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. തുണിക്കടയിലെ കവര്‍ച്ചയ്ക്കുപുറമെ ഇരുപതിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം. പീന്യയില്‍ പണവുമായി പോവുകയായിരുന്ന സുരക്ഷാഏജന്‍സി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി 41 ലക്ഷംരൂപ കവര്‍ന്ന സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. കോടാലി ശ്രീധരന് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്ന് ഈയടുത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ആരോപണം വന്‍വിവാദത്തിന് തിരികൊളുത്തിയിരുന്നു. വി.എം. സുധീരനും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കും ശ്രീധരന്‍ പണം നല്‍കിയെന്ന് പിണറായി ആരോപിച്ചിരുന്നു. ചില ഇടതുപക്ഷനേതാക്കള്‍ക്കും ശ്രീധരന്‍ തിരഞ്ഞെടുപ്പു ഫണ്ട് നല്‍കിയതായി ആരോപണമുണ്ടായിരുന്നു. തൃശ്ശൂര്‍ വെള്ളികുളങ്ങര കോടാലി സ്വദേശിയായ ശ്രീധരന്‍ ഹവാലാ പണം കവരാന്‍ ഷിഹാബ് എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ഒടുവില്‍ പിടിയിലായത്. 2007ല്‍ ബാംഗ്ലൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ജാമ്യത്തില്‍ ഇറങ്ങിയശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ശ്രീധരന്‍ ബാംഗ്ലൂരില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് സ്പിരിറ്റ് കച്ചവടം നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഇയാള്‍ക്കെതിരെ 20 കേസുകള്‍ നിലവിലുണ്ട്. ഇയാളുടെ പേരിലുള്ള വസ്തുവിവരങ്ങളെക്കുറിച്ച് സിറ്റിപോലീസ് അന്വേഷിച്ചുവരികയാണ്. ബാംഗ്ലൂരില്‍ പഠിക്കുന്ന മക്കളില്‍നിന്നാണ് സിറ്റിപോലീസ് ഇയാളെക്കുറിച്ച് വിവരങ്ങള്‍ നേടിയത്. ശ്രീധരനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം പത്തുദിവസം ബാംഗ്ലൂര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടാകും. ചോദ്യംചെയ്യലിനും മറ്റു നടപടികള്‍ക്കും ശേഷം കേരള പോലീസിന് വിട്ടുകൊടുക്കുമെന്നറിയുന്നു.
0 comments:
Post a Comment