ജനസേവനത്തിനു പറ്റിയ തൊഴിലായി മാര്‍ക്‌സ് കണ്ടത് പത്രപ്രവര്‍ത്തനം - വി.എസ്.

സ്വദേശാഭിമാനിപ്രതിമ പുനഃസമര്‍പ്പിച്ചു
തിരുവനന്തപുരം: കാള്‍ മാര്‍ക്‌സ് ജനസേവനത്തിന് ഏറ്റവും പറ്റിയ തൊഴിലായി കണ്ടതും തിരഞ്ഞെടുത്തതും പത്രപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ ശതാബ്ദി ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലേക്കു മാറ്റി സ്ഥാപിച്ച സ്വദേശാഭിമാനി പ്രതിമയുടെ പുനഃസമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഉദ്യോഗം തിരഞ്ഞെടുക്കുന്നതില്‍ ഒരു യുവാവിനുണ്ടാവുന്ന ചിന്തകള്‍ എന്ന വിഷയത്തില്‍ പഠനകാലത്ത് മാര്‍ക്‌സ് ഒരു പ്രബന്ധം തയ്യാറാക്കിയ കാര്യം വി.എസ്. അനുസ്മരിച്ചു. പണം സമ്പാദിക്കുന്നതിനോ ആഢംബര ജീവിതം നയിക്കുന്നതിനോ പ്രൗഢിക്കു വേണ്ടിയോ ആകരുത് ഉദ്യോഗം എന്ന് മാര്‍ക്‌സ് അതില്‍ പറയുന്നു. മറിച്ച് കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് നല്ല ജീവിതം ലഭ്യമാക്കുന്നതിനും വേണ്ടിയുള്ളതാവണം. നിയമവും തത്ത്വശാസ്ത്രവും പഠിച്ച മാര്‍ക്‌സ് ജനസേവനത്തിനായി തിരഞ്ഞെടുത്തത് പത്രപ്രവര്‍ത്തനമാണ്. ഈശ്വരന്‍ തെറ്റു ചെയ്താലും താനത് റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിജ്ഞയും പ്രഖ്യാപനവും. അതിന്റെ അന്തഃസത്ത അദ്ദേഹം ഉടനീളം പാലിച്ചു. തിരുവായ്ക്കതിര്‍വായില്ലാത്ത കാലത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി സുധീരം നിലകൊണ്ടുവെന്നതും അനീതിയെയും അഴിമതിയെയും നഖശിഖാന്തം എതിര്‍ത്തുവെന്നതും പത്രധര്‍മ്മം എന്തെന്നു കാണിച്ചുകൊടുത്തുവെന്നതും ഐതിഹാസികമാണ്. ഉടമയായ വക്കം അബ്ദുള്‍ഖാദര്‍ മൗലവി നല്‍കിയ കലവറയില്ലാത്ത സ്വാതന്ത്ര്യവും പിന്തുണയുമാണ് സ്വദേശാഭിമാനി പത്രത്തെ നീതിക്കുവേണ്ടിയുള്ള പടവാളാക്കി മാറ്റാന്‍ രാമകൃഷ്ണപിള്ളയ്ക്കു കരുത്ത് പകര്‍ന്നതെന്ന് വി.എസ്. പറഞ്ഞു. രാമകൃഷ്ണപിള്ളയെ മാധ്യമപ്രവര്‍ത്തകര്‍ മാതൃകയാക്കാമെന്നു പറയുംപോലെ മാധ്യമ ഉടമകള്‍ വക്കം മൗലവിയെ മാതൃകയാക്കണമെന്ന് ഇന്നു പറയാന്‍ കഴിയുമോ എന്നതൊരു പ്രശ്‌നമാണ്. മാധ്യമങ്ങള്‍ വന്‍വ്യവസായമായി മാറിയതോടെ മാധ്യമസ്വാതന്ത്ര്യം ആരുടെ അഭിപ്രായ സ്വാതന്ത്ര്യം എന്ന പ്രശ്‌നമുണ്ടെന്നും അദ്ദേഹം വിലയിരുത്തി.മാധ്യമസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് ഇന്നും പ്രസക്തിയുണ്ടെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി മാധ്യമസ്വാതന്ത്ര്യമാണ്. ഒരു തിരുത്തല്‍ശക്തിയായി ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ നിലനില്‍ക്കേണ്ടത് എല്ലാവരുടെയും വിശേഷിച്ചും ജനാധിപത്യ പദവികള്‍ വഹിക്കുന്നവരുടെ ആവശ്യമാണ്. ചോദ്യം ചെയ്യാനും ചൂണ്ടിക്കാട്ടാനും ആരുമില്ലെങ്കില്‍ അറിയാതെയാണെങ്കിലും തെറ്റുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണത, അധഃപതനം എന്നിവയില്‍ നിന്ന് പത്രപ്രവര്‍ത്തനവും മുക്തമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം പ്രവണതകളില്‍ ഇടപെട്ടു നിയന്ത്രിക്കാന്‍ പ്രസ്ഥാനങ്ങളുണ്ട്. ഇവയുടെ പ്രവര്‍ത്തനഫലമായി വന്‍കിട പത്രങ്ങള്‍ക്കു പോലും തെറ്റുകള്‍ ഏറ്റുപറയേണ്ടി വരുന്നു. ഇതുപോലുള്ള തിരുത്തല്‍ പ്രസ്ഥാനങ്ങള്‍ ആവശ്യമില്ലേ എന്ന കാര്യം ചിന്തിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമമന്ത്രി എം.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി. ഗോവിന്ദപ്പിള്ള സ്വദേശാഭിമാനി അനുസ്മണ പ്രഭാഷണം നടത്തി. ഭക്ഷ്യമന്ത്രി സി. ദിവാകരന്‍, എ. സമ്പത്ത് എം.പി., എം.എല്‍.എ.മാരായ വി. ശിവന്‍കുട്ടി, മാങ്കോട് രാധാകൃഷ്‌നന്‍, മേയര്‍ സി. ജയന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, മുന്‍ എം.പി. വര്‍ക്കല രാധാകൃഷ്‌നന്‍, ചീഫ് സെക്രട്ടറി നീലാ ഗംഗാധരന്‍, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി ഷീലാ തോമസ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.സി. രാജഗോപാല്‍, മുന്‍ പ്രസിഡന്റ് സി. ഗൗരീദാസന്‍ നായര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എം. നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വദേശാഭിമാനി എഴുതിയ 'എന്റെ നാടുകടത്തല്‍', സ്വദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളുടെ സംഗ്രഹം, ജനപഥം സ്വദേശാഭിമാനി പതിപ്പ് എന്നിവയുടെ പ്രകാശനവും എം.എ. റഹ്മാന്‍ സ്വദേശാഭിമാനിയെക്കുറിച്ച് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ സ്വിച്ചോണും ചടങ്ങില്‍ നടന്നു.

0 comments:

Post a Comment